മഴക്കാലപൂർവ്വശുചീകരണം
മഴക്കാലപൂർവ്വ പ്രതിരോധം: കൂരോപ്പട പഞ്ചായത്തിൽ വിപുലമായ ശുചീകരണ യജ്ഞത്തിന് തുടക്കം
******************
കൂരോപ്പട : - പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയുമായി കൂരോപ്പട ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും കൈകോർക്കുന്നു. മഴക്കാലപൂർവ്വ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജനകീയ ശുചീകരണ യജ്ഞത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം കൂരോപ്പട കവലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ എസ് വിനോദ് നിർവഹിച്ചു.
നാടിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ തദ്ദേശഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളും ഒരുമിച്ച് നിൽക്കേണ്ടതിന്റെ പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ചെറിയാൻ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. ബി. ദിലീപ് കുമാർ, ശ്രീലത പ്രകാശ്, ജിൻസമ്മ മാത്യു എന്നിവരും പഞ്ചായത്ത് അംഗങ്ങളായ വി. എം. മാത്യു, സന്ധ്യ ജി. നായർ, മഞ്ജു കൃഷ്ണകുമാർ, സാവിത്രി ടീച്ചർ, നിതീഷ് മോൻ പി. ടി, ശ്രീജമോൾ ടി എസ്, വീണാമോൾ ടി, ജ്യോതിമോൾ ടി, ഉമാദേവി, ടി. എം. ആന്റണി, അനുജ മോൾ എസ്, ഫിലിപ്പ് കെ. എ എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു.
പഞ്ചായത്ത് സെക്രട്ടറി ബിനോയി പി. ടി, മെഡിക്കൽ ഓഫീസർ ഡോക്ടർ നസ്ലിം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ - ഹരിതകർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അംഗങ്ങൾ, യുവജന സംഘടന ഭാരവാഹികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വലിയൊരു ജനപങ്കാളിത്തം ഉദ്ഘാടന ചടങ്ങിൽ ദൃശ്യമായി. ഉദ്ഘാടന ചടങ്ങിനു ശേഷം കൂരോപ്പട കവല മുതൽ പഞ്ചായത്ത് ജംഗ്ഷൻ വരെ ശുചീകരണ പ്രവർത്തനം നടത്തി.
പഞ്ചായത്തിലെ 19 വാർഡുകളിലും വാർഡ്തല ശുചിത്വ സമിതികളുടെ നേതൃത്വത്തിൽ വിപുലമായ തോതിലുള്ള ശുചീകരണ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ജനകീയ കൂട്ടായ്മയിലൂടെ പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.